Tuesday, September 7, 2010

ചെറുകോല്‍പുഴയിലെ അയ്യപ്പന്‍കുട്ടി

ശബരിമല അയ്യപ്പന്റെ തികഞ്ഞ ഭക്തനായ അച്ഛന്‍ തന്റെ മകന് അയ്യപ്പന്‍ കുട്ടി എന്നു പേരിട്ടു. മകന്‍ സല്‍സ്വഭാവിയായി വളരണമെന്ന് അച്ഛന് ഒരേ ശാഠ്യമായിരുന്നു. പക്ഷേ, അയ്യപ്പന്‍ കുട്ടി പമ്പയാറിനു തീരത്തെ ചെറുകോല്‍പുഴയെന്ന ഗ്രാമപ്രദേശത്ത് മറ്റേതു കുട്ടികളെയും പോലെ കാടു കാട്ടിത്തന്നെ വളര്‍ന്നു. നാടകങ്ങളിലെ പെണ്‍വേഷം അഭിനയിക്കുന്നതിലായിരുന്നു കുട്ടിയുടെ കമ്പം മുഴുവനും. അച്ഛനും മകനും ഇതേ ചൊല്ലി വഴക്കായി. ഒരിക്കല്‍ പൊന്‍കുന്നം വര്‍ക്കിയുടെ ഒരു നാടകത്തില്‍ കുട്ടിയുടെ പെണ്‍വേഷം തകര്‍ത്താടുമ്പോള്‍ കാണികളിലാരോ എന്തോ കമന്റ് പറഞ്ഞു. കൂട്ടത്തില്‍ നാടകം കണ്ടു കൊണ്ടിരുന്ന അച്ഛനും അതു കേള്‍ക്കാനിടയായി. അതില്‍ പിന്നെ ദേഷ്യം ഇരട്ടിച്ച അച്ഛന്‍ വീട്ടില്‍ നീണ്ട ഒരു ഉപവാസത്തിലേര്‍പ്പെടുകവരെയുണ്ടായി. കുട്ടിക്കും ഇക്കാര്യത്തില്‍ ആകെ മനോവിഷമമായെങ്കിലും നാടകക്കമ്പം ചെറുക്കാനാവാത്തതായിരുന്നു. അങ്ങനെ അച്ഛനെ കബളിപ്പിച്ച് കുട്ടി വീണ്ടും പെണ്‍വേഷത്തില്‍ അരങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ശ്രീ ടി.കെ.എ നായരുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കുക)

Tuesday, July 13, 2010

അങ്ങനെയൊരു രക്തദാഹം നമ്മള്‍ വളര്‍ത്തിയെടുത്തിരിക്കുന്നു

എന്താണ് നമ്മുടെ മാധ്യമങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്? രണ്ടു കാര്യങ്ങളാണ് പ്രധാനമായും എടുത്തു പറയേണ്ടത്. നമ്മുടെ മാധ്യമങ്ങള്‍, പത്രങ്ങളും ടെലിവിഷന്‍ ചാനലുകളുമെല്ലാം, നമ്മോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് അവ നമ്മുടെ സമൂഹത്തിനു നേരെ പിടിച്ചിട്ടുള്ള കണ്ണാടികളാണെന്നാണ്. അവ നല്‍കുന്നത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നാണ്. 1975 മുതല്‍ 1977 വരെയുണ്ടായിരുന്ന അടിയന്തിരാവസ്ഥക്കാലത്ത് രാവിലേ തന്നെ ഉണര്‍ന്നെഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ നിങ്ങള്‍ കണ്ടിരുന്നത് ശൂന്യതയായിരുന്നു. മുന്നിലെ കണ്ണാടിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മുഖം കാണുമായിരുന്നില്ല. അന്ന് സംഭവിച്ചത് അതായിരുന്നു. എന്നാല്‍, ഇന്ന് നിങ്ങള്‍ കണ്ണാടിയില്‍ നോക്കുന്നു. അവിടെ നിങ്ങള്‍ മറ്റൊരാളുടെ മുഖം കാണുന്നു. അത് സ്‌കിസോഫ്രീനിയയുടെ ലക്ഷണമാണ്. ബുദ്ധിഭ്രമത്തെയാണത് കാണിക്കുന്നത്. അതാണ് കൂടുതല്‍ ഭീകരമായിട്ടുള്ളതും. നമ്മള്‍ നിലകൊള്ളുന്നത് സെന്‍സര്‍ഷിപ്പുകളുടെ യുഗത്തിലല്ല. വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്ന (manufacturing) ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇവിടം ഒരു ഭ്രാന്താലയത്തിലാണ്
നാമുള്ളതെന്ന് തോന്നിപ്പോകും. അവിടുത്തെ രോഗികളെപ്പോലെയാണ് നാമോരോരുത്തരും ട്രീറ്റ് ചെയ്യപ്പെടുന്നത്.

(അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തില്‍ അരുന്ധതി റോയ് ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ മലയാളം പരിഭാഷ മാധ്യമം ആഴചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പൂര്‍ണരൂപം ഇവിടെ വായിക്കാം.)

Wednesday, June 16, 2010

രോഗികളുടെ ദേഹത്തില്‍ നിന്ന് രാഷ്ട്രീയം വായിക്കുക

1876ല്‍ വിക്ടോറിയാ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി അധികാരമേറ്റത് അന്നത്തെ വൈസ്രോയി ലിട്ടണ്‍ പ്രഭു ആഘോഷിച്ചത് മറ്റൊരു ചരിത്രമായിരുന്നു- ഡല്‍ഹിയില്‍ ഒരാഴ്ച നീണ്ടുനിന്ന അത്യഗ്രന്‍ ആഘോഷം. ചരിത്രത്തിലെ ഏറ്റവും വലുതെന്നു പോലും വിശേഷിപ്പിക്കപ്പെട്ട സല്‍കാരം. മഹാരാജാക്കന്മാരും നാടുവാഴികളുമൊക്കെ നിറഞ്ഞു പങ്കെടുത്ത ധൂര്‍ത്തമായ ആഘോഷം. രാജ്യമപ്പോള്‍ കടുത്ത വരള്‍ച്ചയുടെ മൂന്നാം വാര്‍ഷികം പേറുകയായിരുന്നു. ധാന്യവില മുമ്പെങ്ങുമില്ലാത്തത്രയും ഉയര്‍ന്നുനിന്ന കാലം. കച്ചവടക്കാര്‍ അന്നത്തെ പുത്തന്‍ സാങ്കേതികതകള്‍ മുതലെടുത്ത് റെയില്‍വേ ചരക്കുകടത്തല്‍ ദ്രുതഗതിയിലാക്കിക്കൊണ്ടിരുന്നു. ടെലെഗ്രാഫ് സൗകര്യമുള്ളതുകൊണ്ട് ദൂരദേശങ്ങളിലെ വിലനിലവാരംപോലും കൃത്യമായി കിട്ടുമായിരുന്നു. അങ്ങനെ  നാടന്‍ വിപണിയില്‍ നല്‍കുന്നതിനു പകരം അവര്‍ ചരക്കുകളെ കൊള്ളലാഭത്തിനു വിറ്റു. ബക്കിങ്ഹാം (ചെന്നൈയിലെ കനാലിനിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പേരാണ്) ധാന്യ ശേഖരങ്ങള്‍ നാടന്‍ വിപണിയ്ക്കു തന്നെ വിട്ടു കൊടുക്കണം എന്ന പക്ഷക്കാരനായിരുന്നു. എന്നാല്‍ മാള്‍ത്തൂഷ്യന്‍ (റെവ. തോമസ് മാള്‍ത്തൂസ്) പിന്തുടര്‍ച്ചക്കാരനായിരുന്ന ലിട്ടണ്‍ അദ്ദേഹത്തെ തടഞ്ഞു. ലിട്ടണിന്റെ ആ ഒരാഴ്ചക്കാലത്തെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മാത്രം ചെന്നൈ തെരുവുകളില്‍ നൂറുകണക്കിനാളുകളാണ് പട്ടിണി കാരണം മരിച്ചു വീണത്. അന്ന് വെറും ആറു വയസ്സുകാരിയായിരുന്ന വെല്ലൂരിലെ ഡോ. ഇദാ സ്‌കഡ്ഡെര്‍ വിശന്നു നില്‍ക്കുന്ന കുറച്ചു തെരുവു കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചതായും എന്നാല്‍, അത് വാങ്ങിക്കഴിക്കാന്‍ പോലും ത്രാണിയില്ലാതെ ആ കുട്ടികള്‍ തളര്‍ന്നിരുന്നുവെന്നും പിന്നീട് അവര്‍ രേഖപ്പെടുത്തുന്നു.

Friday, January 15, 2010

പുതുജന്മം

തിരുനെല്ലി* ക്ഷേത്ര മുകളില്‍
പാപനാശിനി നീരുറവയില്‍
പാദങ്ങള്‍ മുക്കി ഇമയടയവെ
തീരുന്നതെന്‍ ജഢജീവനല്ലോ...

താഴ്വരയിലേക്കതൊഴുകും
കുളുര്‍വെള്ളത്തിലതുറയും
ആയിരം കുടങ്ങളില്‍
ബന്ധുക്കള്‍ ശേഷക്രിയയൊരുക്കിയൊഴുക്കിയ
പിതൃക്കളുടെ ചാരങ്ങളതിനോടു ചേരും

പാറക്കല്ലുകളിലതുടക്കും
വേരുകളിലൂടെയതുരക്കും
തട്ടിയുടഞ്ഞും നിലം മുട്ടിയിഴഞ്ഞും
താഴത്തേതോ തൊടിയില്‍
വിഗ്രഹരൂപം പൂണ്ടതടിയും

പ്രഭയാര്‍ന്നു മണ്ണിലമര്‍ന്നതു കിടക്കവെ
ഏതോ കരങ്ങളതുയര്‍ത്തും
ആരോ തിണതീര്‍ത്ത് പ്രതിഷ്ഠയായ് വെക്കും
ഭക്തി നിറയും കണ്ണുകളതു തേടിയെത്തും

അന്നേരം തപംതീര്‍ത്തു ഞാന്‍ മലയിറങ്ങും

പണ്ട് ആദിവാസികളെ അടിമവില്‍പന നടത്തിയിരുന്നത് ഇവിടെയാണ്‌

                                                                             (January, 2010)