Saturday, October 24, 2009

തേങ്ങാപ്പൂള്

മെയ്മാസ വേനലില്‍
ഡല്‍ഹിയില്‍
ഉച്ചിയില്‍ ഉച്ചച്ചൂടു തിളയ്‌ക്കെ
ട്രാഫിക്കിന്‍ ചുവന്ന വെളിച്ചം കത്തിയ രണ്ടു മിനിറ്റില്‍
വെയിലേറ്റു കവിള്‍ ചുവന്നൊരു പയ്യന്‍
ഞാനിരുന്നു വിയര്‍ത്ത ബസ്സിലേക്കോടിക്കയറിയ നേരം.

കൈയിലവനുയര്‍ത്തിപ്പിടിച്ച പാത്രത്തിലെ
അടുക്കിവെച്ച തൂവെള്ളത്തേങ്ങാപ്പൂളുകള്‍!

അഞ്ചു രൂപയ്ക്കിത്തിരിപ്പോന്ന അവയിലൊരെണ്ണം
വായിലിട്ടു ചവയ്ക്കവെ
ഊറിയ പാലില്‍ നിന്നുതിര്‍ന്നൊരു മധുരം!

വരണ്ടു പോയിരുന്നൊരെന്‍ പ്രാണനില്‍ തെളിഞ്ഞു വന്ന
ഓര്‍മയിലെ മറ്റൊരു തേങ്ങാപ്പൂളിന്‍ ചിത്രം!

ആറാം വയസ്സില്‍
വെയിലും ചൂടുമെല്ലാം
തലയ്ക്കുള്ളില്‍ പെരുപ്പിച്ചു നടന്നൊരു കാലം.

'പിലാക്കോഴി'യെന്നു പറഞ്ഞിട്ട് ചക്കക്കുരുവിന്‍ കറി തന്ന്
അന്തിക്കു വിളമ്പിയ ചോറിലെന്നെപ്പറ്റിച്ചതിലരിശം മൂത്ത്
ഒരു മുറിത്തേങ്ങ കൊണ്ട് ഊക്കോടെയന്നുമ്മയുടെ
ഉപ്പൂറ്റിയിലെറിഞ്ഞു കൊള്ളിച്ചതും
പിന്നെ റൂഹ് പിടഞ്ഞുമ്മ അലറി വിളിച്ചതും
ചെവി പൊളിക്കുമുച്ചത്തിലെ ഹോണ്‍മുഴക്കങ്ങള്‍ക്കിടയിലും
ഹൃത്തടം മുഴുവനായും പ്രതിധ്വനിച്ചു.

ഇശാനമസ്കാരം കഴിഞ്ഞ് കോലായിലെ തിണ്ണമേല്‍
തസ്ബീഹ് മാലയില്‍ ദിക്‌റുരുവിട്ടു കൊണ്ടിരുന്ന ബാപ്പ
അടുക്കളയിലേക്കോടി വന്നതും
"ഓന്‍ പൂച്ചേനെറിഞ്ഞപ്പോ, ന്റെ കാലില്‍ കൊണ്ടുപോയെ"ന്നും പറഞ്ഞ്
പാണല്‍ വടി കൊണ്ടെന്റെ ചന്തി പൊള്ളുന്നതില്‍ നിന്നും രക്ഷിച്ച്
പിന്നെയും ഉപ്പൂറ്റി തടവി
വാതില്‍ പടിയിലിരുന്ന് തേങ്ങിയ
കലങ്ങിയ ആ കണ്ണുകളുമുള്ളില്‍ തെളിഞ്ഞു.

അന്നേരമെന്‍ കുഞ്ഞിക്കണ്ണുകളില്‍
ഒരു കുഞ്ഞുമേഘം തുളുമ്പാന്‍ വെമ്പിയതും
ഉടനെയാ മുറിത്തേങ്ങയെടുത്തൊരു
തേങ്ങാപ്പൂളു മുറിച്ചെന്‍ വായിലേക്കു,മ്മ വെച്ചു തന്നതും

അതില്‍ നിന്നൂറിയ പാലിന്‍ മധുരം
ഇപ്പോള്‍ വായില്‍ നിറഞ്ഞു കവിഞ്ഞതും

നെറ്റിയില്‍ നിന്നുതിര്‍ന്നൊലിച്ചൊരു കണം വിയര്‍പ്പിനോടൊപ്പം
ഇടതു കണ്ണില്‍ നിന്നൊരിറ്റു കണ്ണീരുമലിഞ്ഞു ചേര്‍ന്നതും
തരട്ടെയോ ഒരു പൂളു കൂടെയെന്ന വിധം
പ്രതീക്ഷയോടെയെന്നെ നോക്കിയ ആ പയ്യന്റെ കണ്ണുകളില്‍
അന്നതേ ഭാവേനെ എന്നിലേക്ക് നോട്ടമയച്ച
ഉമ്മയുടെ കണ്ണുകള്‍ തെളിഞ്ഞു കണ്ടതും

ഹൃദയത്തിലൊരു തേങ്ങാപ്പൂള്
ആഞ്ഞു തറച്ചു ഞാന്‍ പിടച്ചതും
"ഉമ്മാ"ന്നതൊരു തേങ്ങലായി
ശബ്ദമയമാം വായുവിലേക്കലിഞ്ഞു ചേര്‍ന്നതും....

ഓര്‍ത്തോര്‍ത്തു സ്വയമേ മറക്കവെ
പിന്നെയും പിന്നെയും അറിയുന്നു ഞാന്‍

ഉമ്മയെന്നാലെനിക്കു മറ്റൊന്നുമല്ല
ഈ തേങ്ങാപ്പൂളില്‍ നിന്നുതിരും പാലിന്‍ മധുരമല്ലാതെ....

                                                                      (September, 2008)

Wednesday, October 21, 2009

പുനര്‍ജന്മം

ഇന്നലെ നീയെന്റെ ഹൃദയത്തില്‍ കുറിച്ചിട്ട കവിത
വെയിലാറിയ ഈ വൈകുന്നേരത്തില്‍
മാങ്കൊമ്പിലിരുന്നൊരു കിളി നീട്ടിപ്പാടുന്നു.
വേടന്റെ അമ്പേല്‍ക്കാതെ മരണത്തില്‍ നിന്നും
പാറിയകന്ന കിളിയുടെ പുനര്‍ജന്‍മമായിരുന്നത്.
ഉറുമ്പായി ജനിച്ചിട്ടും മുത്തശ്ശിക്കഥയിലെ അതേ ഉറുമ്പിന്‍
പുനര്‍ജന്ജമമല്ലെന്നതിനാല്‍
ഈ കിളിയെ വേടന്റെ അമ്പില്‍ നിന്നും
എനിക്കു രക്ഷിക്കുവാനാകുന്നില്ല.
പകരം, പ്രണയ ജലാശയത്തില്‍
നീയെനിക്കു കരേറുവാനായി,ട്ടു തരുന്ന ഒരില-
ഒരേ ഒരില!
അതിനെ മാത്രം പ്രതീക്ഷയായി നിനച്ച്
ഇവിടെ ഞാന്‍ മുങ്ങിത്താഴുന്നു.
                              
                                               (December, 2006)

Tuesday, February 24, 2009

മരുഭൂമി

പനി പിടിച്ചു തിളയ്‌ക്കുകയാണോമനേ....
ഇന്ന്‌
നീയാം മരുഭൂമിയെന്നില്‍ കത്തുന്നു

പിതൃക്കള്‍ പറഞ്ഞതോര്‍മയിലുണ്ടിപ്പൊഴും
മരീചികയില്‍ മുങ്ങിത്തുടിയ്‌ക്കാന്‍ വെമ്പരുത്‌
അകലെ.... കരയില്‍.....
അതിന്റെ സ്വപ്‌ന സാന്നിദ്ധ്യത്തില്‍ രമിച്ചീടുക

പൗര്‍ണമി രാവുകളില്‍....
നിലാവില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന കള്ളിച്ചെടികളില്‍
മന്ദഹാസം വിടരുന്നത്‌ നീ കാണാറില്ലേ

ഇരവിന്റെ അന്ത്യയാമങ്ങളിലെപ്പൊഴോ
ശല്‌കങ്ങള്‌ല്‍ അവ നീര്‍ പൊഴിക്കുന്നതും
നീ അറിയാറില്ലേ...

നീ പ്രണയിച്ചു പോയ
മനസ്സില്‍ കുടിവെച്ചു പോയ
കരള്‍ നീറ്റി ഓര്‍മകള്‍ നല്‍കുന്ന നിന്റെ ചൂടിനെ
ഞാനെടുത്തു കൊള്ളാം- ഒപ്പം
പനി പിടിച്ച നിന്റെയാ ഓര്‍മകളേയും

നിന്നില്‍ നിശ്ശബ്ദം പെയ്‌തിറങ്ങി തരളമായിത്തീരുവാന്‍
എന്നിലെ മേഘങ്ങളെ നീയനുവദിച്ചു കൊള്ളുക

അല്ലെങ്കില്‍

എന്റെ ആത്മദാഹങ്ങളുടെ
തലയോട്ടിയും അസ്ഥിക്കഷ്‌ണങ്ങളും
നിന്റെ മണല്‍ത്തരികളില്‍ കുഴിച്ചു മൂടുക.
                                               
                                                  (December, 2006)

ജീവിതഗതി

"എനിക്കന്നു വിശപ്പുണ്ടായിരുന്നു- എന്നു പറഞ്ഞാല്‍ നിനക്കറിയില്ല.ഉപേക്ഷിച്ച ഒരു നേരത്തെ ആഹാരത്തിന്റെ ഓര്‍മയാണ്‌ നിനക്ക്‌ വിശപ്പ്‌" .
- എം.ടി (അജ്ഞാതന്റെ ഉയരാത്ത സ്‌മാരകം)

സമര്‍പ്പണം : "വിശപ്പിനെക്കുറിച്ച്‌്‌ കവിത എഴുതാന്‍ പോകുന്നുവെന്നോ, അത്‌ ഇരുപതാം നൂറ്റാണ്ടിന്റെ വിഷയമല്ലേ?" എന്നെന്നോട്‌ സ്‌നേഹപൂര്‍വം ഉപദേശിച്ച കൂട്ടുകാരിക്ക്‌, പിന്നെ നിലവിളിക്കുന്ന ഓരോ വയറുകള്‍ക്കും.


ബാലാ,
നീ ഉലയ്‌ക്കരുത്‌
കുപ്പായത്തുമ്പിനോടൊപ്പമെന്‍ മനവും
പിന്നില്‍
നിന്‍ ദുരിതങ്ങള്‍ നാറുന്ന കൈയാല്‍
ഇനിയുമെന്നെ തടഞ്ഞു നിര്‍ത്തരുത്‌
ഓടട്ടെ ഞാന്‍....
ഓടിയോടി കഴയ്‌ക്കട്ടെ കാലുകള്‍....

നഗരാന്ത ഗര്‍ഭമാം വറചട്ടിയില്‍
ഒരു മണിക്കടുകായ്‌ നീയെരിഞ്ഞൊടുങ്ങാം
ഇനിയും നീ കെഞ്ചരുത്‌
പൊരിയുമാ വയറിന്‍ നിലവിളി
എന്റെ കാതില്‍ നീ മുഴക്കരുത്‌
ഒളിയ്‌ക്കട്ടെ ഞാന്‍....
ഒളിച്ചെന്നില്‍ നിന്നുമകലട്ടെ ഞാന്‍ സ്വയം....

അറിയുവതില്ലല്ലോ
നിനക്കെന്നിലെ ജ്ഞാനദാഹം
അതിലേറെയെന്നിലെ ആത്മ മൗനം
അറിയുന്നതില്ലയീ ഞാനുമ-
ന്നേതു ശക്തിയാണെന്നെ-
പ്പഠിക്കു നീയെന്നരുളിപ്പടിയടച്ചതെന്നും

പടിഞ്ഞാറ്റു ചെരുവിലെക്കറുത്തതാം മുറിയില്‍
വൃദ്ധ നോവുകളെ കമ്പിളിയില്‍ കൂട്ടിപ്പുതച്ച്‌
ചത്തദേഹിയില്‍ ശാപജീവനും പേറി
എന്നെയങ്ങെടുക്കരുതോ...
എന്നു നാരായമോതും താതനോ

കുടെപ്പഠിച്ചവളുടെ കൊച്ചുകുഞ്ഞിന്‍ പിറന്നാളുണ്ടുവന്ന-
മര്‍ത്തിക്കരഞ്ഞു പോയ മൂത്ത പെങ്ങളോ

ഒട്ടും കഴിക്കാതെ പുസ്‌തക സഞ്ചിയിലൊളിപ്പിച്ച
ഉച്ചക്കഞ്ഞി കണ്ടെത്തിയ മാഷോട്‌
ഇതെനിക്ക്‌ വീട്ടിലേക്കാണെ-
ന്നുറക്കെ കരഞ്ഞ കൊച്ചനുജനോ

പൊതുപരീക്ഷയില്‍ ശാപമായെനിക്ക്‌ കിട്ടിയ
ഒരു കൂട മാര്‍ക്കുകളോ

അറിയുന്നേയില്ലെനിക്കന്നേതു ശക്തിയെ-
ന്നമ്മയെക്കൊണ്ടെന്നെ പടിയടപ്പിച്ചതെന്നും...

"പഠിയ്‌ക്കാന്‍ മിടുക്കനാ നീ, പഠിയ്‌ക്ക്‌
ഈ ഗൃഹം നിന്നെ കാര്‍ന്നുതിന്നും
ശപിക്കപ്പെട്ടു പോയി നാം- നമ്മില്‍
നീയെങ്കിലും കുരുത്വം പിടിയ്‌ക്ക്‌

കുലമറ്റു പോകരുതല്ലോ....

വെണ്ണീറായിനി ഞങ്ങളിവിടമൊടുങ്ങിയില്ലെങ്കില്‍
ഒരു നാള്‍ മടങ്ങി നീ വരുമ്പോള്‍
മലര്‍ക്കെത്തുറന്നിടാമീ വാതിലുകള്‍
അന്നീയമ്മ നിന്നെ നെറുകെപ്പുണര്‍ന്നിടാം
വയ്യെ, ന്നരുളരുതു നീ- ഇപ്പോഴിറങ്ങുക
പിഴിഞ്ഞൂറ്റിയേകിയ മുലപ്പാലിനു പകരമായെങ്കിലും...?"

പുസ്‌തകാലയത്തിലെ കൊല്ലുന്ന മൗനത്തില്‍
യാമങ്ങളെയറിയാതെ രാത്രിയേറിയും വായിച്ചിരിപ്പതും
അന്നാന്നു വാങ്ങുന്ന സായാഹ്നപത്രം മുഴുക്കെ വായിച്ച്‌
നിലത്തു വിരിച്ചുറക്കിനെ വിളിപ്പതും

കേള്‍പ്പുവതില്ലല്ലോ, ബാലാ
നീയെന്നിലെ അമ്പേറ്റ കിളിയുടെ രോദനം
അറിയുവതില്ലല്ലോ നീ
നിന്നിളം മേനിയില്‍ വേദനയായി പെയ്‌ത ഓരോ പ്രഹരവും
വിഷസൂചിയായെന്‍ ഹൃത്തില്‍ തറച്ചിരുന്നതും
* * * *

അവന്‍-
വിശപ്പിനെ വര്‍ജിച്ച ഒരു നേരത്തെയന്നത്തിന്‍
ഓര്‍മയായി മാത്രമറിയാവുന്നവന്‍
ഗ്രഹിക്കും ജ്ഞാനത്തിലേറെ
ഭോജ്യം ദഹിപ്പിക്കുന്നവവന്‍
അച്ചന്റെ വഴിയേ ഉദ്യോഗം പൂകുവാന്‍
നഗരത്തിലേക്കയക്കപ്പെട്ടവന്‍
ഞാനോ
ശാപജന്മം പേറുമച്ചനെ പുലര്‍ത്തുവാനാവാതെ
നരകത്തിലേക്കെറിയപ്പെട്ടവവന്‍


ആര്‍ത്തിപൂണ്ടല്ല
നിലവിളിച്ചു തളര്‍ന്ന വിശപ്പെന്നുള്ളില്‍
നിത്യ നിദ്രയെപ്പൂകുമോയെന്ന ശങ്കയാല്‍
കഴിച്ചുപോയി
അപഹരിച്ച, വന്റെ ഭക്ഷണപ്പൊതി
മുറിയുടെ വാതിലില്‍ കൊളുത്തി നിന്നെന്നെ
കൊഞ്ഞനം കുത്തുകയായിരുന്നത്‌

പൊറുത്തു കൊള്ളുമീ ചെയ്‌തിയെ- അറിയാം
ഈരേഴു ലോകവും,ബാലാ, അതില്‍ നീയൊഴിച്ച്‌

"ടിഫിനെടുത്തു നക്കിയതാരെടാ നായേ"
എന്നവന്റെ ആക്രോശമുയരവെ
അറിയില്ല ഏതു ദുഷ്ടശക്തിയാണെന്‍
ചൂണ്ടുവിരലിനെ നിന്നിലേക്കായി നീട്ടിപ്പിടിച്ചതെന്നും

ഇപ്പോള്‍
പിറകില്‍ നിന്നെന്‍ കുപ്പായത്തുമ്പില്‍ പിടിച്ച്‌
ഉത്തരമില്ലാത്ത വിശപ്പിന്‍ സമസ്യയെ
ഇനിയും നീയെനിക്കു വെളിപ്പെടുത്തല്ലെ
ഈര്‍ഷ്യയെപ്പോലും വിശപ്പില്‍ പുതുര്‍ത്തിയ നീ-
യൊരു കാട്ടുതീയായെന്നില്‍ പടരും മുമ്പേ
ബാലാ,
ഓടട്ടെ ഞാന്‍....
ഓടിയോടി കഴയ്‌ക്കട്ടെ കാലുകള്‍....
ഒളിയ്‌ക്കട്ടെ ഞാന്‍....
ഒളിച്ചെന്നില്‍ നിന്നുമകലട്ടെ ഞാന്‍ സ്വയം....

                                                        (December, 2006)

നീ / പ്രണയം

കവിത പോലും വരളുന്ന ഹൃത്തിന്‍ വേനലില്‍
ഒരു ചാറ്റല്‍ മഴയായി നിനക്കു പെയ്‌തിറങ്ങാമായിരുന്നു
തൃഷ്‌ണ പോലും മരവിച്ച സന്ധ്യയില്‍
ഇളം ചൂടേകും മാരുതരൂപം പുല്‍കാമായിരുന്നു
എന്നിട്ടും കത്തുന്ന എന്‍ മരുഭൂവില്‍ ചുടുകാറ്റായും
ഇച്ചതന്നലറിത്തുള്ളും സാഗരത്തിലൊരു പേമാരിയായും
നീ എന്നിലേക്കണയുമ്പോള്‍, പ്രിയേ...
അനുഭവേദ്യമെനിക്കിന്നു
പ്രണയത്തിന്‍ സുഖമുള്ള നോവുകള്‍.

                                                    (December, 2006)