Saturday, October 24, 2009

തേങ്ങാപ്പൂള്

മെയ്മാസ വേനലില്‍
ഡല്‍ഹിയില്‍
ഉച്ചിയില്‍ ഉച്ചച്ചൂടു തിളയ്‌ക്കെ
ട്രാഫിക്കിന്‍ ചുവന്ന വെളിച്ചം കത്തിയ രണ്ടു മിനിറ്റില്‍
വെയിലേറ്റു കവിള്‍ ചുവന്നൊരു പയ്യന്‍
ഞാനിരുന്നു വിയര്‍ത്ത ബസ്സിലേക്കോടിക്കയറിയ നേരം.

കൈയിലവനുയര്‍ത്തിപ്പിടിച്ച പാത്രത്തിലെ
അടുക്കിവെച്ച തൂവെള്ളത്തേങ്ങാപ്പൂളുകള്‍!

അഞ്ചു രൂപയ്ക്കിത്തിരിപ്പോന്ന അവയിലൊരെണ്ണം
വായിലിട്ടു ചവയ്ക്കവെ
ഊറിയ പാലില്‍ നിന്നുതിര്‍ന്നൊരു മധുരം!

വരണ്ടു പോയിരുന്നൊരെന്‍ പ്രാണനില്‍ തെളിഞ്ഞു വന്ന
ഓര്‍മയിലെ മറ്റൊരു തേങ്ങാപ്പൂളിന്‍ ചിത്രം!

ആറാം വയസ്സില്‍
വെയിലും ചൂടുമെല്ലാം
തലയ്ക്കുള്ളില്‍ പെരുപ്പിച്ചു നടന്നൊരു കാലം.

'പിലാക്കോഴി'യെന്നു പറഞ്ഞിട്ട് ചക്കക്കുരുവിന്‍ കറി തന്ന്
അന്തിക്കു വിളമ്പിയ ചോറിലെന്നെപ്പറ്റിച്ചതിലരിശം മൂത്ത്
ഒരു മുറിത്തേങ്ങ കൊണ്ട് ഊക്കോടെയന്നുമ്മയുടെ
ഉപ്പൂറ്റിയിലെറിഞ്ഞു കൊള്ളിച്ചതും
പിന്നെ റൂഹ് പിടഞ്ഞുമ്മ അലറി വിളിച്ചതും
ചെവി പൊളിക്കുമുച്ചത്തിലെ ഹോണ്‍മുഴക്കങ്ങള്‍ക്കിടയിലും
ഹൃത്തടം മുഴുവനായും പ്രതിധ്വനിച്ചു.

ഇശാനമസ്കാരം കഴിഞ്ഞ് കോലായിലെ തിണ്ണമേല്‍
തസ്ബീഹ് മാലയില്‍ ദിക്‌റുരുവിട്ടു കൊണ്ടിരുന്ന ബാപ്പ
അടുക്കളയിലേക്കോടി വന്നതും
"ഓന്‍ പൂച്ചേനെറിഞ്ഞപ്പോ, ന്റെ കാലില്‍ കൊണ്ടുപോയെ"ന്നും പറഞ്ഞ്
പാണല്‍ വടി കൊണ്ടെന്റെ ചന്തി പൊള്ളുന്നതില്‍ നിന്നും രക്ഷിച്ച്
പിന്നെയും ഉപ്പൂറ്റി തടവി
വാതില്‍ പടിയിലിരുന്ന് തേങ്ങിയ
കലങ്ങിയ ആ കണ്ണുകളുമുള്ളില്‍ തെളിഞ്ഞു.

അന്നേരമെന്‍ കുഞ്ഞിക്കണ്ണുകളില്‍
ഒരു കുഞ്ഞുമേഘം തുളുമ്പാന്‍ വെമ്പിയതും
ഉടനെയാ മുറിത്തേങ്ങയെടുത്തൊരു
തേങ്ങാപ്പൂളു മുറിച്ചെന്‍ വായിലേക്കു,മ്മ വെച്ചു തന്നതും

അതില്‍ നിന്നൂറിയ പാലിന്‍ മധുരം
ഇപ്പോള്‍ വായില്‍ നിറഞ്ഞു കവിഞ്ഞതും

നെറ്റിയില്‍ നിന്നുതിര്‍ന്നൊലിച്ചൊരു കണം വിയര്‍പ്പിനോടൊപ്പം
ഇടതു കണ്ണില്‍ നിന്നൊരിറ്റു കണ്ണീരുമലിഞ്ഞു ചേര്‍ന്നതും
തരട്ടെയോ ഒരു പൂളു കൂടെയെന്ന വിധം
പ്രതീക്ഷയോടെയെന്നെ നോക്കിയ ആ പയ്യന്റെ കണ്ണുകളില്‍
അന്നതേ ഭാവേനെ എന്നിലേക്ക് നോട്ടമയച്ച
ഉമ്മയുടെ കണ്ണുകള്‍ തെളിഞ്ഞു കണ്ടതും

ഹൃദയത്തിലൊരു തേങ്ങാപ്പൂള്
ആഞ്ഞു തറച്ചു ഞാന്‍ പിടച്ചതും
"ഉമ്മാ"ന്നതൊരു തേങ്ങലായി
ശബ്ദമയമാം വായുവിലേക്കലിഞ്ഞു ചേര്‍ന്നതും....

ഓര്‍ത്തോര്‍ത്തു സ്വയമേ മറക്കവെ
പിന്നെയും പിന്നെയും അറിയുന്നു ഞാന്‍

ഉമ്മയെന്നാലെനിക്കു മറ്റൊന്നുമല്ല
ഈ തേങ്ങാപ്പൂളില്‍ നിന്നുതിരും പാലിന്‍ മധുരമല്ലാതെ....

                                                                      (September, 2008)

Wednesday, October 21, 2009

പുനര്‍ജന്മം

ഇന്നലെ നീയെന്റെ ഹൃദയത്തില്‍ കുറിച്ചിട്ട കവിത
വെയിലാറിയ ഈ വൈകുന്നേരത്തില്‍
മാങ്കൊമ്പിലിരുന്നൊരു കിളി നീട്ടിപ്പാടുന്നു.
വേടന്റെ അമ്പേല്‍ക്കാതെ മരണത്തില്‍ നിന്നും
പാറിയകന്ന കിളിയുടെ പുനര്‍ജന്‍മമായിരുന്നത്.
ഉറുമ്പായി ജനിച്ചിട്ടും മുത്തശ്ശിക്കഥയിലെ അതേ ഉറുമ്പിന്‍
പുനര്‍ജന്ജമമല്ലെന്നതിനാല്‍
ഈ കിളിയെ വേടന്റെ അമ്പില്‍ നിന്നും
എനിക്കു രക്ഷിക്കുവാനാകുന്നില്ല.
പകരം, പ്രണയ ജലാശയത്തില്‍
നീയെനിക്കു കരേറുവാനായി,ട്ടു തരുന്ന ഒരില-
ഒരേ ഒരില!
അതിനെ മാത്രം പ്രതീക്ഷയായി നിനച്ച്
ഇവിടെ ഞാന്‍ മുങ്ങിത്താഴുന്നു.
                              
                                               (December, 2006)